കൂടല്‍ മാണിക്യം ചരിത്രം

ഇരിങ്ങാലക്കുട ഗ്രാമസങ്കേതത്തിലെ വിശിഷ്‌ട വൈഷ്‌ണവക്ഷേത്രമായ കൂടല്‍മാണിക്യത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം രേഖകള്‍ രണ്ട്‌ പ്രാവശ്യം നശിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നിലവിലുള്ളത്‌ ശക്തന്‍ തമ്പുരാന്റെ കാലത്തിനുശേഷം എഴുതിയ ഗ്രന്ഥവരിയാണെന്നും പറയുന്നു. (സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വി.വി.കെ. വാലത്ത്‌ എഴുതിയ കേരളത്തിലെ സ്ഥലചരിത്രം ഇരിങ്ങാലക്കുട അധ്യായത്തില്‍ പറഞ്ഞിരിക്കുന്നു.) അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ ബിംബപ്രതിഷ്‌ഠയില്‍ കലിദിന സംഖ്യയായി കുറിച്ചിട്ടുണ്ടെന്നാണ്‌ മറ്റൊരുതരത്തില്‍ അറിയപ്പെടുന്നത്‌. അ.ഉ 9-ാം ശതകത്തില്‍ സ്ഥാണുരവിയും, 10-ാം ശതകത്തില്‍ ഭാസ്‌ക്കര രവിമാരും പുറപ്പെടുവിച്ച രണ്ട്‌ വട്ടെഴുത്ത്‌ ശാസനകളിലും ക്ഷേത്രത്തിലേക്കു കുറെ വസ്‌തുക്കള്‍ ചാര്‍ത്തികൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. (വേണാട്ടിലെ അയ്യനടികള്‍ക്ക്‌ എഴുതികൊടുത്തത്‌ TA S II PP 6769 സമ്പാദനം സാഹിത്യ അക്കാദമി പ്രസിദ്ധീകരണം സ്ഥലചരിത്രം. തൃശ്ശൂര്‍ ജില്ല) മലയാള വര്‍ഷം 517 മുതല്‍ തച്ചുടയകൈമള്‍ സ്ഥാനം നിലനിന്നിരുന്നു. 6 നൂറ്റാണ്ട്‌ കൈമള്‍ വാഴ്‌ചയായിരുന്നു. 941 വരെ കായംകുളത്തിന്റെ പ്രതിപുരുഷനായി ക്ഷേത്രകാര്യങ്ങള്‍ നടത്തിയ തച്ചുടയക്കൈമള്‍ `മാണിക്യന്‍ കേരളന്‍' എന്ന ബിരുദമാണ്‌ സ്വീകരിച്ചിരുന്നത്‌. മാണിക്യന്റെ (ശിവന്‍) കരയാളുന്നവന്‍ (ഭരിക്കുന്നവന്‍) എന്നര്‍ത്ഥം. 918 ല്‍ വേണാട്‌ രാജ്യം ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയതോടെ അവകാശം വേണാടിനായെങ്കിലും 941 വരെ കായംകുളത്തിന്‌ തന്നെ ഈ ക്ഷേത്രത്തിന്റെ അധികാരം നിലനിന്നിരുന്നു. എന്നാല്‍ 937 ലും 941ലും ഉണ്ടായ ഉടമ്പടി പ്രകാരമാണ്‌

ഇരിങ്ങാലക്കുട തച്ചുടയകൈമളെ നിശ്ചയിക്കാനുള്ള അധികാരം തിരുവിതാംകൂറില്‍ നിക്ഷിപ്‌തമായി. 954 മുതല്‍ അവകാശ തര്‍ക്കങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 28 കൊല്ലം കേസ്‌ നീണ്ടു. 983ല്‍ ആണ്‌ 4-ാമത്തെ കൈമള്‍ അവരോധം. തുടര്‍ന്ന്‌ 5 ഉം 6 ഉം 1057ലും 1093 ലും യഥാക്രമം നടന്നു. ഊരായ്‌മക്കാര്‍, യോഗക്കാര്‍, ആറുനാട്ടില്‍പ്രഭുക്കന്മാര്‍, അകക്കോയ്‌മ, പുറക്കോയ്‌മ, മേല്‍ക്കോയ്‌മ, രാജക്കോയ്‌മ എന്നീ ഘടകങ്ങള്‍ ക്ഷേത്രഭരണസമിതിയില്‍ അടങ്ങിയിരിക്കുന്നു. രാജക്കോയ്‌മ കൊച്ചിരാജാവ്‌ നിയന്ത്രിച്ചു. ഊരായ്‌മകുടുംബമായ വടക്കിനിയേടത്ത്‌ മന മുടിഞ്ഞപ്പോള്‍ ആ അവകാശം കൊച്ചിരാജ്യത്തില്‍ ഒതുങ്ങികിട്ടി. 517ല്‍ ക്ഷേത്രത്തിലെ ഊരായ്‌മക്കാരും കായംകുളം രാജാവുമായുണ്ടായ കരാറുവഴി സമുദായ മേലായ്‌മസ്ഥാനവും, ശ്രീകോവില്‍പ്പണി തച്ചുടയകൈമള്‍ സ്ഥാനവും പ്രാബല്യത്തില്‍ വന്നു. കാരായ്‌മക്കരാര്‍ ഇങ്ങനെയാണ്‌. കൊല്ലം 517-ാമത്‌ തുലാം ഞായറ്റില്‍ എഴുതിയ കാരായ്‌മകരണമാമിത്‌. `ഓണാട്ടുകര ഉദയരവിവര്‍മ്മരെ കയ്യാല്‍ കാരായ്‌മ പൊന്നുമാണിക്യരത്‌നം വാങ്ങിച്ചുകൊണ്ടാര്‍ ഇരിങ്ങാലക്കുട ക്ഷേത്രം ഊരായ്‌മ 9 ഗൃഹത്തില്‍ ജനവും അമ്മാര്‍ഗമേ കാരായ്‌മ പൊന്നും മാണിക്യരത്‌നം കൊടുത്ത 9 ഗൃഹങ്ങളില്‍ ജനവും തങ്ങള്‍ക്കുള്ളത്‌ മാണിക്യക്ഷേത്രത്തില്‍ സുമദായ മേലായ്‌മ സ്ഥാനവും, ശ്രീകോവില്‍ തച്ചുടയക്കൈമള്‍ അവരോധവും, കാരായ്‌മയായിട്ട്‌ നിരുതകമായി എഴുതി വാങ്ങിച്ചുകൊണ്ടാല്‍' ക്ഷേത്രോത്സവചരിത്രന്വേഷണത്തിനായി ക്ഷേത്ര ഭരണകാലഘട്ടത്തിലേക്ക്‌ ഒരെത്തിനോട്ടം അനിവാര്യമായതുകൊണ്ടാണ്‌ ഈ ചെറിയ ധാരണ പ്രസ്‌താവിക്കേണ്ടിവന്നത്‌. 992 വെള്ളിയാഴ്‌ചയാണ്‌ വിഗ്രഹം മാറ്റി കലശം നടന്നത്‌. ഓണാട്ടുകര നാടുവാഴി തറവാട്ടിലെ കുമാരക്കുറുപ്പിനെ പുറക്കോയ്‌മ എന്ന സ്ഥാനത്തുവെച്ചു ഭരണം നടത്താന്‍ തീരുമാനിച്ചു. ക്ഷേത്രം പുതുക്കി ഉത്സവാദികള്‍ ഭംഗിയായി നടത്തിച്ചു. ആറുനാട്ടില്‍ പ്രഭുക്കന്മാരായ മുരിയനാട്ട്‌ നമ്പ്യാര്‍, വെള്ളോസ്‌ നമ്പ്യാര്‍, ചങ്ങരംകോതക്കൈമള്‍, ചങ്ങരംകണ്ടക്കൈമള്‍, കോടശ്ശേരിക്കൈമള്‍, കുന്നത്തേരിക്കൈമള്‍ ഇവരെല്ലാവരും ഉത്സവത്തിന്‌ വേണം എന്നതിനാല്‍ വെള്ളോസ്‌ നമ്പ്യാരുടെ ഒഴിവുനികത്താന്‍ ഗോവിന്ദപുരം കൃഷ്‌ണപിഷാരടിയുടെ അനന്തിരവന്‍ രാമന്‍പിഷാരടിക്ക്‌ തിട്ടൂരം കൊടുത്ത്‌ ആക്കിക്കൊണ്ടുള്ള കൊച്ചി സര്‍ക്കാര്‍ രേഖ പറയുന്നുണ്ട്‌.(മലയാളം ഡയറി 1004 ME. Vol.II. P 471 Archieves) അപ്രകാരം അതിഗംഭീരമായി ഉത്സവം നടന്നതിന്റെ ചിലവിനെപ്പറ്റി പരാമര്‍ശിക്കുവാന്‍ മുതിരുകയാണ്‌.

``ഇരിങ്ങാലക്കുട ഉത്സവം അടിയന്തിരം വകയ്‌ക്ക്‌ കൊച്ചിയില്‍നിന്ന്‌ മുന്നൂറ്‌ ചോദന വെളിച്ചണ്ണ, 100 തുലാം ശര്‍ക്കര, 400 റാത്തല്‍ പഞ്ചസാര, 5 മൂട കടുക്‌ ഇവ മേടിച്ചുകൊണ്ടുവരേണ്ടതിന്‌ വേണ്ടുന്ന വഞ്ചിയും ആളും ഉണ്ടാക്കികൊടുത്ത ചെലവിനും കൊടുപ്പിച്ച റഹദാരി (പെര്‍മിറ്റ്‌) യും കൊടുപ്പിച്ച്‌ അയക്കത്തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം. ലായത്തില്‍ ചെലവ്‌ വകയ്‌ക്ക്‌ 30 ഇടങ്ങഴി മുതിര കൂടെ കൊണ്ടുവരുന്നതാകകൊണ്ട്‌ അതിനു കൂടെ റഹ്‌ദാരി കൊടുത്തയക്കുകയും വേണമെന്ന്‌ മലയാളകൊല്ലം 993-ാം ആണ്ട്‌ മേടമാസം 6-ാം തീയതിയിലെ മറ്റൊരു രേഖയില്‍ പറയുന്നുണ്ട്‌. പുത്തേഴത്ത്‌ രാമന്‍മേനോന്റെ ശക്തന്‍തമ്പുരാന്റെ ജീവചരിത്രത്തില്‍ തച്ചുടക്കൈമളെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ 941 ലാണ്‌ ഇരിങ്ങാലക്കുട ഉത്സവം നടന്നതെന്ന്‌ പറയുന്നു. 998 ല്‍ ഉത്സവത്തിന്റെ നെടുംപുര തൂണുകള്‍ വലിക്കുന്നതിന്‌ ദേവസ്വം ആനയെ മുകുന്ദപുരം തഹസില്‍ദാര്‍ ആവശ്യപ്പെട്ടപ്പോള്‍ കൈമള്‍ തടസ്സം നിന്നുവെന്നും പിന്നീട്‌ റസിഡന്‍സിനോട്‌ താന്‍ തടസ്സം നിന്നിട്ടില്ലെന്ന്‌ പറയുകയും ആനകള്‍ തയ്യാറാണെന്ന്‌ കൈമള്‍ പറയുകയും ചെയ്‌തു എന്ന്‌ കാണുന്നുണ്ട്‌. (തച്ചുടക്കൈമള്‍ അദ്ധ്യായം - പേജ്‌ 314-365) എന്നാല്‍ മലയാളകൊല്ലം 961-ാം ആണ്ട്‌ മിഥുനമാസം 1-ാം തീയതി മുതല്‍ക്ക്‌ മേല്‍ചട്ട കുറവുകൂടാതെ നടത്തേണ്ടും പ്രകാരങ്ങള്‍ക്ക്‌ വാതില്‍മാടത്തിങ്കല്‍ വെച്ച്‌ യോഗത്തിങ്കല്‍നിന്നും, കോയ്‌മസ്ഥാനത്തിങ്കല്‍നിന്നും ടിയാണ്ട്‌ ഇടവമാസം 1-ാം തിയതിയെഴുതിയ ചട്ടവരിയോലയിലെ ഉത്സവകാര്യങ്ങളെ സംബന്ധിച്ച്‌ പറയുന്നത്‌ ഇങ്ങനെയാണ്‌ : മേടമാസത്തില്‍ ഉത്രം നാള്‍ കൊടികയറി തിരുവോണ നാള്‍ ആറാട്ടാകകൊണ്ട്‌ അതിന്‌ മുമ്പ്‌ ശുദ്ധികലശവും പത്ത്‌ നാള്‍ ദ്രവ്യകലശവും കഴിച്ച്‌ ദക്ഷിണ കഴിച്ചുകൊള്ളണം. മേടമാസത്തില്‍ ഉത്രം രണ്ട്‌ വന്നെങ്കില്‍ അവസാനത്തെ ഉത്രം നാള്‍ കൊടികയറ്റം നടത്തിക്കൊള്ളണം.കൊടിക്കൂറയും പള്ളിക്കുറുപ്പുണരുമ്പോള്‍ തൃക്കണിവെച്ച്‌ പശുദാനം നടത്തണം. തിരുവോണത്തിന്‌ എതൃത്ത്‌ പൂജകഴിഞ്ഞാല്‍ ശ്രീഭൂതബലിയും കഴിഞ്ഞ്‌ കൊടിമരത്തറക്കല്‍ എഴുന്നള്ളിച്ച്‌ തിരുമനസ്സുകൊണ്ട്‌ പാണിയും കൊട്ടിപ്പിച്ച്‌ ആറാട്ടിന്‌ എഴുന്നള്ളിക്കണം. ഒന്നിടവിട്ട കൊല്ലങ്ങളില്‍ ചാലക്കുടി കൂടപ്പുഴയിലും, രാപ്പാള്‍ കടവിലും ആറാട്ട്‌ നടത്തിക്കൊള്ളണം. ആറാട്ട്‌ കഴിഞ്ഞ്‌ എഴുന്നള്ളുന്ന വഴിയില്‍ ഭഗവാന്‌ സമര്‍പ്പിക്കുന്ന പറ, പണം എന്നിവ ദേവസ്വം കണക്കില്‍ എഴുതി മുതല്‍ കൂട്ടികൊള്ളണം. ഇതെല്ലാം ക്ഷേത്രത്തിലെ അദ്ധ്യാത്മികചാരാനുഷ്‌ഠാനങ്ങള്‍. ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തികൊണ്ടാണ്‌ ഉത്സവം ആഘോഷിച്ചിരുന്നത്‌. ഭക്തിയുടെ ലഹരിയും ആനന്ദത്തിന്റെ ലഹരിയും ഒത്തുചേര്‍ന്ന്‌ ഒരു പ്രക്രിയയായ ഉത്സവം ഒരാഘോഷമായി മാറപ്പെടുന്നു. ആനയെഴുന്നെള്ളിപ്പിനും മേളപ്പൊലിമയ്‌ക്കും കഥകളിക്കും മറ്റുക്ഷേത്രകലകള്‍ക്കും കൂടല്‍മാണിക്യം തിരുവുത്സവം കേരളത്തനിമയോടെ നിലനിര്‍ത്തിക്കൊണ്ട്‌ പരിരക്ഷിച്ചുപോരുന്നു. രൗദ്രസൗന്ദര്യത്തില്‍ കടലെന്നപോലെ ആസ്വാദനമേകുന്ന വിധമാണ്‌ ഗജവിരന്മാരുടെ കാര്യവും. സുപ്രസിദ്ധിയും, കുപ്രസിദ്ധിയും നേടിയ ആനകള്‍. തിടമ്പേറ്റാനുള്ള ആനകളുടെ മത്സരത്തില്‍ തല കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതാപിയായ കീരണാട്ട്‌ കേശവന്‍, മന്നാടിയാരുടെ ശാന്തഗംഭീരനായ ആന, സാത്വികനായ കൂടലാറ്റുപുറം, ഗജസൗന്ദര്യത്തില്‍ കേമനായ പനമന, കൂടപ്പുഴ മാണിക്യന്‍, പന്തല്‍മാണിക്യന്‍, ചെറിയരവി, വെണ്‍ചാമരം കിട്ടിയാല്‍ താളത്തിനൊത്ത്‌ വീശാന്‍ വൈദഗ്‌ദ്ധ്യമുള്ള വലിയ രവി, നാടോടി ഗാനത്തില്‍ വീരനായകനായ കവളപ്പാറ കൊമ്പന്‍, ഈ ഗജകേസരികളെല്ലാം ഉത്സവത്തിന്റെ ഗതകാല സ്‌മരണകളുണര്‍ത്തുന്നവയാണ്‌. വലിയരവിയുടെ ചങ്ങല ഇന്നും കിഴക്കേ നടയിലെ ദീപസ്‌തംഭത്തിന്‌ ചുറ്റികിടക്കുന്നതുകാണാം. സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത നെറ്റിപ്പട്ടം കെട്ടി സര്‍വ്വ ആനച്ചമയങ്ങളും അണിഞ്ഞ്‌ നില്‌ക്കുന്ന 21 ഗജകേസരികള്‍ക്കുമുമ്പില്‍ എണ്ണിയാല്‍ തീരാത്ത വാദ്യകലാകാരന്മാരുടെ പഞ്ചാരിമേളം. കിഴക്കേ നടയില്‍ തുടങ്ങി പടിഞ്ഞാറെ നടയില്‍ അഞ്ചാംകാലവും കൊട്ടിയതിനുശേഷം രൂപകവും തുടര്‍ന്ന്‌ തീര്‍ത്ഥക്കുളത്തിനടുത്ത്‌ ചെമ്പട താളം കൊട്ടി കിഴക്കേ നടയിലേക്ക്‌ നീങ്ങുന്നു. കൊച്ചിരാജാവിന്‌ കോവിലകത്ത്‌ ഇരുന്ന്‌ ദര്‍ശിക്കാനാണ്‌ തീര്‍ത്ഥക്കുളത്തിനടുത്ത്‌ കുറച്ചുനേരം ചെമ്പടകൊട്ടുന്നതെന്ന്‌ പറയപ്പെടുന്നു. ഇത്‌ ഇരിങ്ങാലക്കുട ഉത്സവത്തിന്റെ മാത്രം സവിശേഷതയാണ്‌.

ശീവേലിക്കും വിളക്കിനും മേളം കൂടുന്നത്‌ കൂത്തമ്പലത്തിന്നടുത്ത്‌ തെക്കുഭാഗത്തായിരുന്നു. തിടമ്പേന്തിയ ആനക്കു പച്ചക്കുടയും ഇരുഭാഗത്തുള്ള ആനകള്‍ക്കു ചുവപ്പും രണ്ടറ്റത്ത്‌ മഞ്ഞയും എന്ന രീതിയിലായിരുന്നു വര്‍ണ്ണക്കുടകളുടെ ക്രമീകരണം. ഏറെക്കാലം അത്യാകര്‍ഷകമായ ഈ വര്‍ണ്ണക്രമം നിലനിന്നിരുന്നു. ഉത്സവങ്ങള്‍ക്കെല്ലാം ഒരു സാമൂഹികപ്രസക്തിയുണ്ട്‌. അത്‌ മനശ്ശാസ്‌ത്രപരവുമാണ്‌. പ്രാദേശിക രുചിഭേദങ്ങളും താത്‌പര്യങ്ങളും അതില്‍ പ്രകടമായിരിക്കും. കൂട്ടായ്‌മയുടെ സുഖം അനുഭവവേദ്യമാകുന്നതും ഉത്സവങ്ങളിലാണ്‌. ഒത്തുചേര്‍ന്ന്‌ ആശയങ്ങള്‍ പങ്കുവെക്കാനും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അവസരം ലഭിക്കുന്നു എന്നുള്ളത്‌ സമൂഹത്തിന്റെ വികാസത്തിന്‌ വഴി തെളിയിക്കുന്നു. ജീവിതത്തില്‍ അല്‌പസമയം ആനന്ദിക്കാനും സമാധാനിക്കാനുമുള്ള ഒരു സുദിനമാണ്‌ ഉത്സവം. ഇരിങ്ങാലക്കുടയെ പരിശോധിച്ചാല്‍ ഉത്സവങ്ങളുടെ നാടായി വ്യാഖ്യാനിക്കാം. കൂടല്‍മാണിക്യം ക്ഷേത്രോത്സവം, സ്വാതിതിരുനാള്‍ സംഗീതോത്സവം, സംഗമോത്സവം, നൃത്തോത്സവം, വേദോത്സവം, നാടകോത്സവം ഇങ്ങനെ അനവധി ഉത്സവമേളകള്‍ ഇരിങ്ങാലക്കുടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇത്‌ ദേശത്തിന്റെ സംസ്‌കാരികതയെ വെളിപ്പെടുത്തുകയാണ്‌. ജീവിതസംസ്‌കാരം ആവിര്‍ഭവിച്ചതുതന്നെ ക്ഷേത്രത്തില്‍ നിന്നാണ്‌. കാര്‍ഷികം, ആരോഗ്യം, കല, വിദ്യാഭ്യാസം, ജീവിതരീതി, ശുചിത്വം, പ്രകൃതിസ്‌നേഹം ഇവക്കെല്ലാം മാതൃകാസ്ഥാനമാണ്‌ ക്ഷേത്രമെന്ന്‌ കാണാം.ഉത്സവവുമായി ബന്ധപ്പെട്ട്‌ കല എന്ന ഘടകത്തെ എടുത്തുനോക്കിയാല്‍ നമുക്ക്‌ കാണാം കേള്‍ക്കാം അതിന്റെ മഹത്വം. ഉത്സവകൊടിയേറ്റസമയം കൊടിക്കൂറ കൊടിമരത്തിന്റെ കൈത്തലത്തില്‍ എത്തിയ നിമിഷം കൂത്തമ്പലത്തില്‍നിന്ന്‌ മിഴാവിന്റെ ശബ്‌ദം ഉയര്‍ന്നു പൊങ്ങുകയായി. കലയും ക്ഷേത്രവുമായുള്ള അഭേദ്യ ബന്ധത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇരിങ്ങാലക്കുട ഉത്സവത്തിന്‌ കൂത്ത്‌, പാഠകം, ഓട്ടന്‍തുള്ളല്‍, കുറത്തിയാട്ടം, പറ്റ്‌, കേളി, അഷ്‌ടപതി, ബ്രാഹ്മണിപ്പാട്ട്‌ എന്നീ അനുഷ്‌ഠാനകലാരൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അടിയന്തിരക്കാരായ അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിലെ ചാച്ചുചാക്യാരും, വലിയ മാധവചാക്യാരും, പരമേശ്വരന്‍ചാക്യാരും, പത്മഭൂഷന്‍ മാധവചാക്യാരും സംഗമേശോപാസകരായി കൂത്തടിയന്തിരം നടത്തിയിരുന്നു. ഇപ്പോള്‍ അമ്മന്നൂര്‍ കുട്ടന്‍ചാക്യാരാണ്‌ കൂത്ത്‌ നടത്തുന്നത്‌. കൂത്തിന്റെ മറ്റൊരു വകഭേദമാണ്‌ പാഠകം. കൊടുങ്ങല്ലൂര്‍ കോവിലകത്തെ നന്ദകുമാര്‍ രാജയും, കൂറ്റമ്പിള്ളി സോമയാജിപ്പാടും, വില്ലുവട്ടത്ത്‌ കൊച്ചുകുട്ടന്‍ നമ്പ്യാരും ചേരിക്കാട്‌ നാരായണ നമ്പൂതിരിയും അവതരിപ്പിക്കുന്ന പാഠകം ഇന്നും ഇരിങ്ങാലക്കുട ഉത്സവസ്‌മരണയില്‍ തങ്ങിനില്‍ക്കുന്നു. മലബാര്‍ രാമന്‍നായര്‍, ഗുരുവായൂര്‍ ശേഖരന്‍, കെ.പി. നന്തിപുലം, എന്നിവരായിരുന്നു ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപം അവതരിപ്പിച്ചുകൊണ്ടിരുന്നത്‌. ഇപ്പോള്‍ പി.കെ.നീലകണ്‌ഠന്‍ നായരും സംഘവുമാണ്‌ ഓട്ടന്‍തുള്ളല്‍ കിഴക്കേ നടയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

ഇതേ ഓട്ടന്‍തുള്ളല്‍ സംഘംതന്നെയാണ്‌ പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടം അവതരിപ്പിക്കുന്നത്‌. പണ്ട്‌ ഇത്‌ മൂന്നും നാലും സംഘക്കാര്‍ അവതരിപ്പിച്ചുവരാറുണ്ട്‌. ആറാട്ടുദിവസം മാത്രം വാതില്‍മാടത്തിങ്കല്‍ ബ്രാഹ്മണിപ്പാട്ട്‌ എന്നൊരു ചടങ്ങ്‌ നടക്കാറുണ്ട്‌. ഇത്‌ തെക്കേ പട്ടത്തേക്കും വടക്കേ പട്ടത്തേക്കും കുടുംബക്കാര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഈ കലാരൂപങ്ങള്‍ക്ക്‌ വളരെ നാളുകള്‍ക്ക്‌ ശേഷമാണ്‌ ഗോപുരത്തിന്‌ പുറത്ത്‌ ഞാണിന്മേല്‍ കളി, മതില്‍ക്കകത്ത്‌ തെക്കെ നടക്ക്‌ നേരെ വാളേറ്‌, കുന്തമേറ്‌, പ്രൊഫ. വാഴക്കുന്നന്റെ മാന്ത്രീകപ്രകടനങ്ങള്‍ എന്നിവ നടന്നിരുന്നത്‌. അന്ന്‌ സ്റ്റേജുണ്ടായിരുന്നില്ല. സൂപ്രണ്ട്‌ ശങ്കുണ്ണിമേനോന്റെ കാലത്താണ്‌ പാട്ടുകച്ചേരി, ഹരികഥ എന്നിവക്കു തുടക്കം കുറിച്ചത്‌ ഇന്ന്‌ ലോകപ്രശസ്‌തിയാര്‍ജ്ജിച്ച കലാകാരന്മാരുടെ ശാസ്‌ത്രീയകലാരൂപങ്ങള്‍ ക്ഷേത്ര വിശുദ്ധി ചോര്‍ന്നുപോകാതെ അവതരിപ്പിച്ചു വരുന്നു. അന്നദാനം മഹാദാനം' എന്ന ആപ്‌തവാക്യം എല്ലാ ക്ഷേത്രത്തിലും അന്വര്‍ത്ഥമാക്കിവരികയാണ്‌. കൂടല്‍മാണിക്യത്തിലെ ഉത്സവ സദ്യ ഇരിങ്ങാലക്കുടയുടെ ഒരു മുഖമുദ്രയായിതീര്‍ന്നിട്ടുണ്ട്‌. പണ്ട്‌ നടത്തുന്ന സദ്യയുടെ സ്വഭാവം മുഴുവന്‍ ഇന്നില്ലെങ്കിലും തനിമ നഷ്‌ടപ്പെട്ടിട്ടില്ല. മത്തങ്ങകൊണ്ടുള്ള വെട്ടുപുളിങ്കറി, ചെത്തുമാങ്ങാക്കറി, മെഴുക്കുപുരട്ടി ഇതിന്റെ രുചിയെ കവി കുഞ്ഞുണ്ണിമാസ്റ്റര്‍ വര്‍ണ്ണിക്കാറുണ്ട്‌. നാലുകാതന്‍ ചരക്ക്‌, അടുപ്പിന്റെ മുകളില്‍ സ്ഥിരപ്രതിഷ്‌ഠയിലാണ്‌. അടിയിലെ തിരിയടപ്പ്‌ തിരിച്ചു തുറന്നിട്ടാണ്‌ കഴുകിയ വെള്ളം ഒഴുക്കിക്കളയുക. പുളിങ്കറിയുടെ ചേരുവകകളാകട്ടെ മൂന്നുപറ പരിപ്പ്‌, 25 കുട്ട പച്ചക്കറി കഷണങ്ങള്‍. പ്രധാന കഷണം മത്തങ്ങ. അമ്മിക്കുഴകൊണ്ട്‌ ഇടിച്ച്‌ വലിയ കഷണങ്ങള്‍, ഒരുകെട്ട്‌ പപ്പടം കെട്ടുപൊട്ടിച്ച്‌ വീശി വെളിച്ചെണ്ണയില്‍ എറിഞ്ഞ്‌ കാച്ചുന്ന കാഴ്‌ച ഒരു കലാപ്രകടനം തന്നെയായിരുന്നു. ഉത്സവസദ്യയുടെ രുചി നാവില്‍ നിര്‍ത്തികൊണ്ട്‌ ചരിത്രം ഇനിയും ബാക്കി നില്‍ക്കെ ലേഖനം ഉപസംഹരിക്കുകയാണ്‌. ഉത്സവസംബന്ധിയായ കൊടിയേറ്റം, ദ്രവ്യകലശം, മുളയിടല്‍, താന്ത്രിക ചടങ്ങുകള്‍, പള്ളിനായാട്ട്‌, ആറാട്ട്‌, ഉത്സവഎഴുന്നള്ളിപ്പ്‌, അനുഷ്‌ഠാനകലകള്‍ തുടങ്ങിയ ആചാരങ്ങളെല്ലാം ജീവിതസംസ്‌കാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്‌. ഈ ക്ഷേത്രസംസ്‌ക്കാരത്തെ നമുക്ക്‌ മാതൃകയാക്കാന്‍ അതിനെ നിലനിര്‍ത്തേണ്ടതുണ്ട്‌. ആചാരാനുഷ്‌ഠാനങ്ങളില്‍നിന്ന്‌ ഒരു കണിക പോലും അടര്‍ത്തിക്കളയുകയോ പുതിയതെന്ന്‌ തോന്നുന്നത്‌ തുന്നിച്ചേര്‍ക്കുകയോ അരുത്‌. സൂപ്രണ്ട്‌ ശങ്കുണ്ണിമേനോന്‍ ഹരികഥയ്‌ക്കും, പാട്ടുകച്ചേരിക്കും തുടക്കം കുറിച്ചതുപോലെ ആഗമനങ്ങളാകാം ആദേശം അരുതെന്ന്‌ മാത്രം. അങ്ങിനെയായാല്‍ മാത്രമേ വരും തലമുറകള്‍ക്ക്‌ ഇച്ഛാഭംഗം ഇല്ലാത്ത ചരിത്രാന്വേഷണത്തിനും ചരിത്രപഠനത്തിനും സാധ്യമാകൂ. ഭക്തിയുടെയും ആനന്ദത്തിന്റേയും അറിവിന്റേയും ലഹരി പകരുന്ന 2010 ലെ കൂടല്‍മാണിക്യം തിരുവുത്സവം സ്‌നേഹത്തിന്റേയും ശാന്തിയുടേയും നാളുകളാകാന്‍ സംഗമേശ്വരന്‍ അനുഗ്രഹിക്കട്ടെ.